Sunday, May 16, 2010

തെങ്ങും പൂവ്!

ഒന്നുരണ്ടു പോസ്റ്റുകള്‍ കഴിഞ്ഞാല്‍ നമ്മടെ നാടന്‍ സഹ ബ്ലോഗ്ഗന്മാര്‍ ചെയ്യുന്ന ഒരു പരിപാടിയുണ്ട്. ബാല്യത്തിന്‍റെ മച്ചിന്‍പുറത്തേക്ക് ഒരെത്തിനോട്ടം! ആ ചടങ്ങ് ഞാനും തെറ്റിക്കുന്നില്ല. പക്ഷെ എന്ത് പറയാനാ? ഒന്നുരണ്ടു ഒണക്ക കൊട്ടത്തേങ്ങ അല്ലാതെ വേറൊന്നും നമ്മടെ മച്ചിന്‍പുറത്ത് കാണുന്നില്ല! ശ്ശെ! നാണക്കേടാക്ക്വോ? ഹും! എന്തെങ്ങില്വാവട്ടെ!

പണ്ടുപണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ട്, കൊല്ലവര്‍ഷം 1988 ഡിസംബറിലെ ഒരു തണുത്ത.. ഓ പിന്നെ! നട്ടുച്ചക്ക് കൊടും തണുപ്പല്ലേ? ആ ഏതാണ്ട് ഒരു പതിനൊന്നുമണിക്ക് നോം ഭൂജാതനായി. ആ ലോകാലിറ്റിയിലെ കാണാന്‍ കൊള്ളാവുന്ന പയ്യന്‍സ് ആയതുകൊണ്ട് അവിടത്തെ പെണ്‍പിള്ളാരൊക്കെ എന്നെ എപ്പോഴും എടുത്തോണ്ട് നടക്കുമായിരുന്നു. സത്യായിട്ടും! എന്താ എന്നെ വിശ്വാസല്ല്യെ? ഇപ്പൊ ഇങ്ങനെ ഇരിക്കണനോക്കണ്ട! പണ്ട് ഞാന്‍ ഫയങ്കര ഗ്ലാമര്‍ ആയിരുന്നു. അങ്ങനെ വിലസുന്നതിനിടെയാണ് ഞെട്ടിക്കുന്ന ആ സത്യം ഞാന്‍ അറിഞ്ഞത്! അച്ഛന്‍ എന്നെ സ്കൂളില്‍ ചേര്‍ത്താന്‍ പോണൂ! പക്ഷെ എന്തോ, ഞാന്‍ ഞെട്ടിയില്ല! പിന്നേ, വെറ്റില മുറുക്കി നടക്കണ ജോസേട്ടനെ വരെ എനിക്ക് പേടിയില്ല, പിന്നെയാണ് ഇതുവരെ കാണാത്ത ഒരു ഉസ്കൂള്!

അങ്ങനെ സ്കൂളില്‍ ചേര്‍ത്തുന്ന ദിവസമായി. അച്ഛനും ഞാനും ഓട്ടോയിലാണ് സ്കൂളിലേക്ക് പോയത്. പള്ളിസ്കൂള്‍, കപ്പല്‍ പള്ളി, എന്നൊക്കെ അറിയപ്പെടുന്ന സെന്‍റ് ജോസഫ്സ്‌ സ്കൂള്‍. ആ സ്കൂളിന്‍റെ ഒപ്പമുള്ള പള്ളി വലിയൊരു കപ്പലിന്‍റെ ആകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ അന്നത്തെ പ്രിന്‍സിപ്പല്‍ ലോറന്‍സ് മാഷാണ്. വെളുത്തു മെലിഞ്ഞു മുടി നരച്ച് കണ്ണട വച്ചൊരു രൂപം. ഒരു വടി കൂടെ കയ്യില്‍ ഉണ്ടെങ്കില്‍ നനഞ്ഞ ട്രൗസര്‍ മാറ്റേണ്ടിവരും! പക്ഷെ അച്ഛന്‍ കൂടെയുള്ളതുകൊണ്ട് വല്ലാത്ത ധൈര്യായിരുന്നു.

ഇംഗ്ലീഷ് മീഡിയം ആയോണ്ട് എല്‍കെജിയിലേക്ക് അഡ്മിഷന്‍ കിട്ടാന്‍ ഇന്റര്‍വ്യു ഒക്കെ ഉണ്ട്. അമ്മ വീട്ടീന്ന് ഒക്കെ പഠിപ്പിച്ചു വിട്ടിരുന്നു. ഇഷ്ടപ്പെട്ട പൂവ്?: റോസ്, ആരാവണം?: ഡോക്ടര്‍ അല്ലെങ്ങില്‍ എഞ്ചിനീയര്‍, അങ്ങനെ പലതും. ചിന്തിച്ചു തീരും മുമ്പേ ചോദ്യം വന്നു. "ഇഷ്ടപ്പെട്ട പൂവേതാ?" യു നോ, ഐ വാസ്‌ വെരി ഇന്നോവേറ്റീവ് അറ്റ്‌ ദാറ്റ്‌ ഏജ്‌ ഇറ്സെല്ഫ്‌! "തെങ്ങും പൂവ്." എന്‍റെ ഉത്തരം കേട്ട് പ്രിന്‍സിപ്പലും, ക്ലെര്‍ക്കും ഞെട്ടി! "തെങ്ങും പൂവോ? അങ്ങനെ ഒരു പൂവുണ്ടോ?" "പിന്നില്ലാതെ? തെങ്ങീന്ന്‍ വീണു കെടക്കണ കണ്ടിട്ടില്ലേ?" എനിക്ക് നല്ല ഉറപ്പായിരുന്നു അച്ഛന്‍ ആദ്യായി പൂവെന്നു പറഞ്ഞു കാണിച്ചു തന്ന സാധനം അതാണെന്ന് തോന്നുന്നു. അന്ന് മുറ്റത്ത് രണ്ടു തെങ്ങുണ്ടായിരുന്നു അതില്‍നിന്നു പൊഴിഞ്ഞു വീഴുന്ന പൂക്കുലക്കതിരാണ് അന്നത്തെ എന്‍റെ സങ്കല്‍പ്പത്തിലെ പൂവ്. അടുത്ത ചോദ്യവും പ്രതീക്ഷിച്ചപോലെത്തന്നെ. "ആരാവാനാ ആഗ്രഹം?" ചെറുപ്പത്തിലെ ആരാധനാ പുരുഷന്മാര്‍ എന്ന് പറയുന്നത് അവിടെയൊക്കെ ചുമ്മാ തെണ്ടിത്തിരിഞ്ഞു നടന്നിരുന്ന ചേട്ടന്മാരായിരുന്നു. പെട്ടെന്ന് വലുതാകണം എന്ന ചിന്തയില്‍ ഞാന്‍ പറഞ്ഞു: "രാഗേഷ്‌ ചേട്ടന്‍." പറഞ്ഞതില്‍ അവസാനത്തെ വാക്കങ്ങോട്ടു പുറത്തുവന്നില്ല! എല്ലാരും പിന്നേം ഞെട്ടി! മറ്റുള്ളവരെ പോലെ ആവാന്‍ ആഗ്രഹമില്ല, എനിക്ക് ഞാനാവണം എന്ന അര്‍ത്ഥത്തില്‍ അവര്‍ അതിനെ വ്യാഖ്യാനിച്ചു. ഈ ചെറുപ്രായത്തില്‍ ഇത്ര പക്വതയോ എന്നവര്‍ ചിന്തിച്ചു കാണണം. കൂടുതല്‍ ചോദ്യങ്ങള്‍ ഒന്നുമുണ്ടായില്ല. അഡ്മിഷനും കിട്ടി, ഡൊണേഷനും അടച്ചു!

അഡ്മിഷനു പോയ ശുഷ്കാന്തിയൊന്നും ശരിക്കും സ്കൂളില്‍ പോവുമ്പോ ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു സത്യം! പോത്തുകളെ അറക്കാന്‍ കൊണ്ട് പോണപോലെ വണ്ടിയില്‍ പിള്ളാരെ അട്ടിയിട്ടു കൊണ്ടുപോവുന്ന ഓട്ടോ ചേട്ടന്മാര്‍. ക്ലാസ്സില്‍ പോയാല്‍ പൂതം കണക്കിരിക്കുന്ന ബേബി ടീച്ചര്‍. ഒരൊന്നൊന്നര മാസം കരച്ചിലിന്‍റെ മേളായിരുന്നു. ക്ലാസില്‍ ചെന്നാല്‍ നല്ല കോറസ് കിട്ടും. അല്ലാ? ഇവര്‍ക്ക് ഈ എല്‍കെജിയില്‍ പഠിപ്പിക്കാന്‍ ഇത്തിരി കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളാരെ വച്ചാല്‍ എന്താ കൊഴപ്പം? കൊണ്ട് പോവുന്ന വഴിക്ക്‌ ഓട്ടോയില്‍ നിന്ന് ചാടി ഓടി രക്ഷപ്പെട്ട സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.

വാല്‍കഷണം: എന്നെ ഇന്റര്‍വ്യൂ ചെയ്തത് നാലാം ക്ലാസില്‍ വച്ച് എന്നെ തല്ലി നേരെയാക്കിയ വര്‍ഗീസ് അചിങ്ങാടന്‍ എന്ന മാക്സ് സാറാണെന്നും അഭ്യുഹങ്ങളുണ്ട്.

2 comments:

Sandeepkalapurakkal said...

Kollam, nalla narmam und,

Anonymous said...

ഇടിവാൽ, നന്നായിരിക്കുന്നു......ഓട്ടോയിൽ നിന്നും ചാടിപ്പോയ സംഭവങ്ങളും പ്രതീക്ഷിക്കുന്നു.....
ആശംസകൾ..