Monday, March 22, 2010

ഓടിറ്റോ? ഞാന്‍ ഈ നാട്ടുകാരനല്ല!

നമ്മുടെ പ്രോജെക്റ്റില്‍ ഇപ്പൊ ടെസ്റ്റിംഗ് ആണ്. കഷ്ടകാലത്തിന് ഞാനൊക്കെ ബഗ്ഫിക്സിംഗിലും. പണ്ടൊക്കെ ബഗ്ഫിക്സിംഗ് എന്ന് പറഞ്ഞാ ചെറുപ്പത്തില്‍ എന്റെ സൈക്കിളിന്‍റെ പഞ്ചര്‍ ഒട്ടിക്കാന്‍ പോയ പോലെയായിരുന്നു. ഒട്ടിച്ചു രണ്ടു ദിവസാവുംബോളേക്കും അടുത്ത പഞ്ചര്‍! പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ചൊക്കെ മാറിയിരിക്കുന്നു! വളരെ ആധികാരികമായി "തള്ളാനോക്കെ" ഞാന്‍ പഠിച്ചിരിക്കുന്നു! “വെല്‍ ടണ്‍ മൈ ബോയ്‌!” ഈ നിമിഷം എനിക്കെന്നോട് തന്നെ അസൂയ തോന്നുകയാണ്. ഇപ്പോഴത്തെ ബഗ്ഫിക്സ്, പ്രോജെക്റ്റിലെ ഒരു സുഹൃത്തിന്‍റെ അഭിപ്രായപ്രകാരം രസതന്ത്രം എന്ന സിനിമയിലെ ഒരു സീന്‍ പോലെയാണത്രേ. കഥയില്‍ ആണ്‍വേഷം കെട്ടിയ മീരയെ കാണാനില്ലെന്നു കരുതി ഒരു സി.ഡി കടക്കാരനെ പോലീസ് പൊക്കും. അവസാനം അയാളെ വിട്ടയക്കുമ്പോള്‍ ലാലേട്ടനോട് ഒരു ഡയലോഗ് പറയുന്നുണ്ട്. “പോലീസിന്‍റെ ഇടി സഹിക്കാന്‍ വയ്യാതെ ഞാന്‍ ഓരോ സ്ഥലങ്ങള്‍ പറയും അവിടെക്കെല്ലാം അവര്‍ എന്നെ കൊണ്ടുപോകും. അത്രേം നേരം ഇടി കൊള്ളണ്ടല്ലോ!” എന്ന് പറഞ്ഞ പോലെ, ടെസ്റ്റിംഗ് ടീം ഒരു ബഗ് റിപ്പോര്ട്ട് ‌ ചെയ്യുമ്പോ നമ്മള്‍ പറയും: “നോണ്‍ റീപ്രോട്യുസിബിള്‍!!!” പിന്നെ അവര്‍ വ്യക്തമായ സ്റ്റെപ്പുകളോട് കൂടി അത് വീണ്ടും കുത്തിപൊക്കും. അപ്പൊ പറയും: “ഡി.ബി ഇഷ്യൂ, ഡി.ബി ടീമിന് റൂട്ട് ചെയ്യാം!” അതും നടന്നില്ലെങ്ങി, ആശാന്‍ പറയും: “ആ കോള്‍ സ്റ്റാക്ക് ഒന്നെടുത്തു ചുഴിഞ്ഞുനോക്കിക്കേ!”. “യുറേക്കാ! കണ്ടുപിടിച്ച്! ദേ യു.ഐ കോമണ്‍! ദിതത് തന്നെ! എന്നാപ്പിന്നെ അവരുടെ തലയില്‍ വെക്കാം!” കുറച്ചുകഴിഞ്ഞ് ഇതവര്‍ അവരുടെ അല്ലാ! എന്ന് പറഞ്ഞു വരുമ്പോളേക്ക് അതങ്ങു ഫിക്സ് ചെയ്‌താല്‍ സംഗതി ക്ലീന്‍! എന്നിട്ട് പറയും: “ആ ഇഷ്യൂ ഇപ്പൊ റീപ്രോട്യൂസ് ആവുന്നില്ല. ബഗ് ക്ലോസ്‌ഡ്!”.
ഇതുപോലൊരു ബഗ് ആരുടെ തലയില്‍ വെക്കും എന്ന കാര്യത്തില്‍ ഞാനും ആശാനും കുലങ്കുഷമായ ഒരു ചര്‍ച്ചയിലായിരുന്നു. അപ്പോഴാണ്‌ ഞാന്‍ പരിചയമില്ലാത്ത ആ മുഖം ശ്രദ്ധിച്ചത്. “കര്‍ത്താവേ! ഓഡിറ്റ്‌ ആണെന്നാ തോന്നുന്നേ! നിനക്ക് ക്വാളിറ്റി പോളിസി അറിയോ?” ആശാന്‍റെ ആ ചോദ്യത്തിന്നു പെട്ടെന്നായിരുന്നു എന്‍റെ മറുപടി. “പിന്നേ! വി നീട് ടു എക്സീട് ദി കസ്റമര്‍ എക്സ്പെക്റ്റേഷന്‍ എന്നല്ലേ?”, “അല്ലടെയ്‌! വേറെന്തോ ഡ്യൂ കോണ്ഫി്ടെന്‍ഷ്യാലിറ്റിയോ ഇന്‍റെഗ്രിറ്റിയോ ഒക്കെ ഉണ്ട്! ഇനി എന്നാ ചെയ്യും?” അതിനിടയില്‍ ഒരാള്‍ മൊബൈല്‍ എടുത്തു “ഹലോ! ഹലോ! കേള്‍ക്കുന്നില്ല!” എന്നൊക്കെ പറഞ്ഞു പുറത്തോട്ടു പോയി. “ശ്ശെടാ! ഇനി ആ ഐഡിയ പ്രയോഗിക്കാന്‍ പറ്റില്ല. ദേ തൊട്ടപ്പുറത്ത് ചോദ്യങ്ങള്‍ ഒക്കെ ചോദിക്കുന്നു! എന്തേലും ചെയ്തേ പറ്റൂ!” ഞാന്‍ പ്രതീക്ഷയോടെ ആശാനെ നോക്കി! “എന്നാ നമുക്കൊന്ന് ടോയ്ലെറ്റ്‌ വരെ പോയി മുഖം കഴുകി വരാം.” “വാട്ട്‌ ആന്‍ ഇന്നോവേറ്റിവ് ഐഡിയ സര്‍ജി!” അങ്ങനെ ഞങ്ങള്‍ ടോയ്ലെറ്റിലേക്ക് വച്ചുപിടിച്ചു.
പോവുന്നവഴി ഫോണ്‍ വിളിച്ചോണ്ട് പോയ കക്ഷികളെ ഒക്കെ കണ്ടു കാര്യം പറഞ്ഞു! “ക്വാളിറ്റി പോളിസി മറന്നു പോയോണ്ടാ. അല്ലെങ്ങെ തകര്‍ത്തേനേ!” “പിന്നല്ലാതെ! ഇതിലും വലിയ എക്സ്റ്റേര്‍ണല്‍ ഓഡിറ്റ്‌ കണ്ടിട്ട് പോലും പതറിയിട്ടില്ല. പിന്നെയാണ് ഒരു ഇന്റേര്‍ണല്‍ ഓഡിറ്റ്‌!” കുറച്ച് കഴിഞ്ഞ് തിരിച്ച് ചെന്നപ്പോള്‍, ഓഡിറ്റര്‍ ചോദ്യം ചെയ്ത മഹതിയുടെ അടുത്ത് ഒരാള്‍ക്കൂട്ടം! “എന്തൊക്കെ ചോദിച്ചു?” “ഏയ്‌, അങ്ങനെ ഒന്നുമില്ല, ജനറല്‍ ആയിട്ടുള്ള കാര്യങ്ങള്‍ ഒക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട്! പിന്നെ, പ്രൊജക്റ്റ്‌ സ്പെസിഫിക് ആയി ഒന്നും അറിയില്ലാന്നു പറഞ്ഞു! കോഡിംഗ് സ്റ്റാന്‍ഡേര്‍ഡ് ഡോക്യുമെന്‍റ് എവിടെയാനെന്നൊക്കെ ചോദിച്ചു. അതൊക്കെ പറഞ്ഞുകൊടുത്തു!” ഇത് കേട്ടപ്പോ തൊട്ടടുത്ത് നിന്ന ഒരു വിദ്വാന് ദേഷ്യം വന്നു. “അതെന്തിനാ കോഡിംഗ് സ്റ്റാന്‍ഡേര്‍ഡ് ഡോക്യുമെന്‍റ് കാണിച്ചു കൊടുക്കണേ? അതിന്റെ ഒന്നും ഒരാവശ്യവുമില്ല! അങ്ങനെ എന്തെങ്ങിലും ചോദിച്ചാല്‍ കോഡിംഗ് സ്റ്റാന്‍ഡേര്‍ഡ് ഒക്കെ കാണാപാടം ആണ്, എന്തെങ്ങിലും ഡൌട്ട് ഉണ്ടെങ്ങി ചോദിച്ചാമതി എന്ന് പറയണം!” ഒന്ന് രണ്ടു പേര്‍ ചേര്‍ന്ന് മൂപ്പരെ ഒരുകണക്കിന് സമാധാനിപ്പിച്ച് സീറ്റില്‍ കൊണ്ടിരുത്തി. "ഹോ! എന്തായാലും ഇവിടെ ഇരിക്കാഞ്ഞത് നന്നായി!" ഞങ്ങള്‍ വീണ്ടും ബഗ് ഡിസ്കഷനില്‍ വ്യാപൃതരായി!
ഇത് വരെ പറഞ്ഞ കാര്യങ്ങള്‍ക്ക് ഞങ്ങളുടെ കമ്പനിയില്‍ നടന്ന ഇന്റേര്‍ണല്‍ ഓടിറ്റുമായോ ബഗ്ഫിക്സിംഗുമായോ യാതൊരു ബന്ധവുമില്ലെന്നും, തികച്ചും സാ‌ങ്കല്‍പ്പികമാണെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. എന്തായാലും ഇന്ന് തന്നെ ക്വാളിറ്റി പോളിസി പ്രിന്‍റ് എടുത്തു ക്യുബിക്കിളില്‍ ഒട്ടിച്ചേക്കാം!