Saturday, February 13, 2010

SMS ബാല്‍ക്കെണി

ഹൌ! എന്തൊരു വേദന! പണ്ടാറടക്കാന്‍ ഈ ജലദോഷം എന്നേം കൊണ്ടേ പോവുന്നാ തോന്നണെ!" ഇന്ന് രാവിലെ പറഞ്ഞ ആദ്യത്തെ തിരുവചനം ഏതാണ്ട് ഇതാണെന്ന് തോന്നുന്നു. ഇന്നലെ "മൈ നെയിം ഈസ്‌ ഖാന്‍" റിലീസ് ആയി. ആ വൃത്തികെട്ടോനോട് ഞാന്‍ ഇന്നലെ സെക്കന്റ്‌ ഷോയ്ക്ക് പോവാംന്ന് പറഞ്ഞതാ അപ്പൊ അവന്‍റെ ഒരു അപ്പ്രൈസല്‍ മീറിങ്ങും ഡിസൈന്‍ ട്രെയിനിങ്ങും! ഹും! അത് കാരണം ഇന്ന് നേരത്തെ എനീക്കേണ്ടി വന്നു കോപ്പ്. മണി 9:56. ഇന്നലെ വീട്ടില്‍ ഉള്ള എല്ലാ അവന്മാരും നാട്ടിലേക്ക് കെട്ടിയെടുത്തതുകൊണ്ട് ( വര്‍ഷത്തിലൊരിക്കല്‍ മാത്രം വീട്ടില്‍ പോവുന്ന ആത്മാര്‍ത്ഥ പണിക്കാരന്‍ അടക്കം ) ഇന്നലെ ഞാന്‍ ഒറ്റക്കായിരുന്നു. നമ്മക്ക് പിന്നെ പേടി എന്ന് പറയുന്നത് ലവ ലേശം ഇല്ലാത്തതു കൊണ്ട് ബെഡ് റൂമില്‍ കിടന്നില്ല.അകായിയില്‍ (Drawing Room) ലൈറ്റ് ഇട്ട് "ലോര്‍ഡ്‌ ഓഫ് ദി റിംഗ്സ്" സിനിമേം കണ്ടോണ്ടാ ഒറങ്ങീത്. നേരം വെളുത്തപ്പോ പാവം ലാപ്ടോപും ലൈറ്റും ഓണ്‍ ആയി കെടക്കുന്നുണ്ട്. ഞാന്‍ അത് രണ്ടും ഓഫാക്കി. ഓ ഇനീപ്പോ കുളിച്ചു റെഡി ആയി വരുംബോളെക്കും ഒരു സമയാവും. ആ ജോജപ്പനെ വിളിച്ചിട്ടാണെങ്കി എടുക്കുന്നില്ല. മുടിഞ്ഞ ഒറക്കാവും. കോപ്പന്‍! എല്ലാം കഴിഞ്ഞ് ഏറങ്ങാറായപ്പോളെക്കും മണി പതിനൊന്നേക്കാല്‍! നൂണ്‍ ഷോയ്ക്ക് ബുക്ക്‌ ചെയ്തിരുന്നതാ! SMS ബാല്‍ക്കണി, അഞ്ചു രൂപ പടായി!

SMS ബാല്‍ക്കണി എന്ന് പറഞ്ഞിട്ട് ഒരു പുത്തന്‍ സര്‍വീസ് നിലവില്‍ വന്നിട്ടുണ്ട് മനോരമയൊക്കെ കൊട്ടി ഘോഷിച്ച ഒരു വാര്‍ത്തയായിരുന്നു അത്. ഇവര്‍ വോഡഫോണ്‍, എയര്‍സെല്‍, തുടങ്ങിയ സെല്‍ കണക്ഷന്‍ പ്രൊവൈഡേര്‍സും പിന്നെ തിയറ്ററുകളും തമ്മില്‍ ടൈ അപ്പ്‌ ചെയ്തിട്ട്, SMS വഴി സിനിമ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്ന ഒരു സംവിധാനം ആണിത്. ഈ "നോ ഐഡിയ സ്റ്റാര്‍ സിങ്ങറി"ലേക്കൊക്കെ SMS അയക്കുന്ന പോലെ ഇതിനും ഉണ്ടൊരു ഫ്ലോര്‍മാറ്റ്! "book2 tvmanjali NS 13" എന്ന് വച്ചാ പതിമൂന്നാന്തിക്ക് അഞ്ജലി തിയറ്ററില്‍ നൂണ്‍ ഷോയ്ക്ക് രണ്ടു ടിക്കറ്റ്‌ എന്നാണ് അര്‍ഥം. ഈ മെസ്സേജ് 52627 ലേക്കയച്ചാമതി അഞ്ചുരൂപ അപ്പൊത്തന്നെ ബാലന്‍സീന്ന് കട്ടാവും. എന്നിട്ട് ഒരു മെസ്സേജ് റിപ്ലൈ കിട്ടും: "Booking code 01020921333 for MY NAME for NoonShow on 13th at Anjali. Collect 2 ticket(s) from Managers Office.To avoid cancellation,reach 45 min before show time,Movie&Timing are subject to change without notice,Please confirm with your local theaters for more information." പണ്ട് ഇത് പോലെ കൊറേ ബുക്ക്‌ ചെയ്തിട്ടുള്ളതാ. പക്ഷെ വലിയ കാര്യമൊന്നും ഉണ്ടായിട്ടില്ല. മുന്‍പ് ബുക്ക്‌ ചെയ്തിട്ടുള്ള സിനിമകളൊക്കെ വലിയ ഹിറ്റുകള്‍ ആയിരുന്നില്ല. അപ്പൊ കാന്‍റീനില്‍ ചെന്ന് "ചേട്ടാ ഒരു SMS ബുക്കിംഗ്" എന്ന് പറയുമ്പോളേക്കും കോഡ് പോലും ചോദിക്കാതെ ടിക്കറ്റ്‌ എടുത്തുതന്നിരുന്നു. ഇതാദ്യായിട്ടാ തെരക്കുള്ള പടത്തിന് SMS ബുക്കിംഗ്.

അവനെ ഇനി അവന്‍റെ റൂമില്‍ പോയി കുത്തിപ്പൊക്കി എണീപ്പിച്ചു റെഡിയാക്കി എടുക്കണം. പോണവഴിക്ക് ഞാന്‍ ഒരു SMS കൂടെ അയച്ചു. "book2 tvmanjali MT 13". ഇനി മാറ്റിനിയേ നടക്കൂ. ഭാഗ്യത്തിന് അതും ബുക്ക്‌ ആയി. അവടെ എത്തിയപ്പോഴേക്കും മൂപ്പര് പല്ലുതേപ്പൊക്കെ തൊടങ്ങിയിരുന്നു. "ഹൊ! ഇവന്‍ ഇത്ര ഡീസന്‍റ് ആണോ?" എനിക്കവനോട് ഒരു ബഹുമാനമൊക്കെ തോന്നി.


ന്നോം: "ഡാ നീ ഏതു കോ.. അതുവേണ്ട, ഏതു കോപ്പിലാഡാ പോയി കെടന്നേര്‍ന്നേ?"
ജോജപ്പന്‍: "ഞാന്‍ ഒറങ്ങുവായിരുന്നെടാ"
ന്നോം: "ഉം. ഒറക്കം! ഇനി എങ്ങനെ പടത്തിനു പോവും?"
ജോജപ്പന്‍: "അതിനെന്താ? ഇനീം സമയം കെടക്കുവല്ലേ?"
ന്നോം: "പ്ഫ നാറീ! പന്ത്രണ്ടരേടെ നൂണ്‍ ഷോ ഇനി നാളെ കാണാം!"
ജോജപ്പന്‍: "എടാ അതിനു ഈ നൂണ്‍ ഷോ മൂന്നുമണിക്കല്ലേ?"
ന്നോം: "ഡാ കോപ്പേ അത് മാറ്റിനിയാഡാ മാറ്റിനി!"
ജോജപ്പന്‍: "ആണോ? ഛെ! ഞാന്‍ അതാ ഉദ്ദേശിച്ചേ!"
ന്നോം: "ഞാന്‍ മാറ്റിനിക്ക് ബുക്ക്‌ ചെയ്തിട്ടുണ്ട്"
ജോജപ്പന്‍: "ഹൊ! യു ആര്‍ ഗ്രേറ്റ്‌!"
ന്നോം: "സുയിപ്പിച്ചത് മതിയെടെ, വാ പോയ് വല്ലതും ഞണ്ണിയിട്ട് തിയറ്റര്‍ലോട്ട് വിടാം!"

അങ്ങനെ മലബാര്‍ മഹളില്‍നിന്ന് മൂന്ന് പൊറോട്ടേം ബീഫ്‌ റോസ്റ്റും കഴിച്ച് ഞങ്ങള്‍ യാത്രയായി. തിയറ്ററിന്‍റെ മുന്നില്‍ സ്കൂള് വിട്ട പോലെ ആള്‍ക്കാര്‍! അടുത്ത ടാര്‍ഗറ്റ്, മാനേജേര്‍സ് ഓഫീസ്. അങ്ങനെ ഒരു ഐറ്റം അവടെ കാണാനില്ല! പിന്നെ വൈകിയില്ല കൗണ്ടറില്‍ ചെന്ന് ചോദിച്ചു.

കൗണ്ടര്‍ ചേട്ടന്‍: "പിന്നേ! നിങ്ങളോരോ മൊബൈലും കൊണ്ട് വന്നാ ടിക്കറ്റ്‌ എടുത്തു തരാനല്ലേ ഞങ്ങള്‍ ഇവിടെ ഇരിക്കണേ. പോടെയ്‌! പോടെയ്‌!"
ന്നോം: "ജാങ്കോ, നമ്മള്‍ പെട്ടുട്ടോ! ദീ ചേട്ടന് ഒന്നും അറിയില്ലാന്ന്!"

അപ്പോളേക്കും ജോജപ്പന് സ്പിരിറ്റ് കേറി. "എന്തുവാ ചേട്ടാ ഇത്? നമ്മള്‍ കാശു കളഞ്ഞു ബുക്ക്‌ ചെയ്തിട്ട് പിന്നെ എന്നാ പോക്രിത്തരമാ കാണിക്കണേ?"
കൌണ്ടര്‍ ചേട്ടന്‍: "ഞങ്ങള്‍ക്ക് നിങ്ങള്‍ പറയുന്ന ആരുമായും ഒരു ബന്ധവുമില്ല ഞങ്ങള്‍ക്ക് ഇവിടെ ഇന്‍റര്‍നെറ്റും ഇല്ല, ഒരു കോപ്പുമില്ല, ഫസ്റ്റ് ഷോ ടിക്കറ്റ്‌ ഉണ്ട് വേണേ തരാം!"

ആള്‍ടെ ഭാവം കണ്ടാ നമ്മളേതാണ്ട് അവിഹിത ബന്ധം ആരോപിച്ച പോലെയായിരുന്നു.

"ആഹാ! അത്രയ്ക്കായോ? ജോജപ്പാ പോയി നില്ലെടാ ഫസ്റ്റ് ക്ലാസ്സ്‌ ക്യുവില്‍! ഇന്ന് പടം കണ്ടിട്ട് തന്നെ ബാക്കി കാര്യം!" ഞാന്‍ വിളിച്ചുകൂവി.

ഒരവസ്സാന ശ്രമം എന്ന രീതിയില്‍ വോഡഫോണ്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചു.

"....താങ്കളുടെ അക്കൗണ്ടിനെ പറ്റിയുള്ള വിവരങ്ങള്‍ക്ക് ഒന്ന് അമര്‍ത്തുക. മൂല്യവര്‍ധിത സേവനങ്ങളെ പറ്റി അറിയാന്‍ രണ്ട് അമര്‍ത്തുക...."

"ഒലക്ക! പടം തീരുന്നതിനു മുന്‍പെങ്ങാനും പറഞ്ഞു തീര്വോ?"

കുറെ കഴിഞ്ഞു ഏതോ ഒരുത്തന്‍ ഫോണ്‍ എടുത്തു സംസാരം തൊടങ്ങി. ഞാന്‍ ഉള്ള കാര്യം പറഞ്ഞു കേള്‍പ്പിച്ചു.

"അവിടെ അങ്ങനെ ഒരു സര്‍വീസ് ഉണ്ട്. താങ്കള്‍ക്ക് തീര്‍ച്ചയായും അവിടെനിന്ന് ടിക്കറ്റ്‌ വാങ്ങാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വോഡഫോണ്‍ സ്റ്റോറുമായി ബന്ധപെടുക പീ...പീ...പീ" അവന്‍ കട്ടെയ്തു. ഞാന്‍ വീണ്ടും കൗണ്ടര്‍ ലക്ഷ്യമാക്കി നീങ്ങി.

ന്നോം: "ചേട്ടാ ഈ SMS ബുക്കിംഗ്?"
കൗണ്ടര്‍ ചേട്ടന്‍: "ഇത്രേം നേരം എവിടായിരുന്നു? ഒരു മണിക്ക് വന്നെങ്ങെ തരായിരുന്നു."
ന്നോം: "ചേട്ടാ അപ്പൊ നേരത്തെ വന്നപ്പോ പറഞ്ഞതോ?"
കൗണ്ടര്‍ ചേട്ടന്‍: "ആര് പറഞ്ഞു? എപ്പോ പറഞ്ഞു?"
ന്നോം: "എന്തായാലും ചേട്ടാ, നാല്‍പ്പത്തഞ്ചു മിനിറ്റ് മുന്‍പേ വരാനേ പറഞ്ഞിട്ടുള്ളൂ. ദേ ഇപ്പൊ 1.44 അല്ലെ ആയുള്ളൂ?"
കൗണ്ടര്‍ ചേട്ടന്‍: "നാല്‍പ്പത്തഞ്ചോ? അവര്‍ക്കങ്ങനെ പറയാം."
ന്നോം: "ആര്‍ക്ക്? ഇയ്യാളിതെന്തോക്കെയാ പറയണേ? ഇവിടെ ഞാന്‍ കാശ് കളഞ്ഞു ബുക്കെയ്തതാ".
കൗണ്ടര്‍ ചേട്ടന്‍: "അവരും ഞങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ല വേണേ പോയി കമ്പ്ലൈന്‍റ് കൊടുക്ക്‌!"

ഛെ! ഡെസ്പ്! വെറുതെ കൊറച്ചു ഡയലോഗ് വേസ്റ്റ് ആക്കി. തിരിച്ചു പോവേണ്ടി വരുമോ? ഇങ്ങനെ ചിന്തിച്ചു സമയം കളയുമ്പോളാ ഞാന്‍ ആ കാഴ്ച കണ്ടത്. ലേഡീസ്‌ ക്യുവില്‍ അഞ്ചാറാളേ ഉള്ളൂ. അവരാണെങ്ങില്‍ പല പല ചേട്ടന്മാര്‍ക്ക് ചുമ്മാ ഫ്രീ ആയി ടിക്കറ്റ്‌ എടുത്തു കൊടുത്തോണ്ടിരിക്കുന്നു. "രണ്ട് ടിക്കറ്റ്‌ എടുത്തു തര്വോ" എന്ന് ചോദിക്കാന്‍ എന്‍റെ അഭിമാനം അഥവാ ധൈര്യം അനുവദിച്ചില്ല. അപ്പോഴേക്കും ജോജപ്പന്‍ ബ്ലാക്കില്‍ ടിക്കറ്റ്‌ ഒപ്പിച്ചിരുന്നു. "അവന്‍റെ ഒരു SMS ബാല്‍ക്കണി! മനുഷ്യനെ മെനക്കെടുത്താന്‍" ജോജപ്പന്‍റെ ആ വാക്കുകള്‍ക്ക് മറുപടി പറഞ്ഞില്ല. ഇതുവരെ SMS ബുക്കിംഗ് നടത്തി വെറുതെ കളഞ്ഞ കാശിനെ പറ്റിയായിരുന്നു അപ്പോള്‍ എന്‍റെ ചിന്ത.

Wednesday, February 10, 2010

അപ്പ്രൈസല്‍ അഥവാ കൊലവിളി - കന്നി പോസ്റ്റ്‌!

അപ്പൊ ഐശ്വര്യായിട്ട് ബ്ലോഗങ്ങ്ട് ആരംഭിക്യാ! ഈ പാതിര നേരത്ത്‌ എനിക്ക് പ്രത്യേഗിച്ചൊന്നും എഴുതാന്‍ തോന്നുന്നില്ല്യ. എന്നാലും ഈ നേരം വരെ കുത്തിരുന്ന്‍ പണിതതല്ലേ? എന്തേലും എഴുതീല്ലെങ്ങെ മോശല്ലേ?

ഇന്ന് ഓഫീസില്‍ "കൊലവിളി" ആയിരുന്നു. ങ്ഹാ! അതെന്നെ, അപ്പ്രൈസല്‍! സെല്‍ഫ് റേറ്റിംഗ് എന്നു പറഞ്ഞിട്ട് ഒരു പരിവാടീണ്ട്. ഞാനാണെങ്ങെ പറ്റാവുന്നതില്‍ മാക്സിമം ഇട്ടുകൊടുത്തു. ഇനി നമ്മളായിട്ട് കുറച്ചൂന്നുവേണ്ട. സലിംകുമാര്‍ പറഞ്ഞ പോലെ നമ്മളായിട്ട് എന്തിനാ ശത്രുവിന്‍റെ കയ്യില്‍ ആയുധം കൊണ്ട് കൊടുക്കണേ?

ബട്ട്‌, നോ രക്ഷ! മൊതലാളിമാര്‍ നമ്മക്കിട്ടൊരു റേറ്റിംഗ് ഇടുന്ന ചടങ്ങുണ്ട്. അപ്പ്രൈസല്‍ മീറ്റിംഗ്. രണ്ടു മൂന്നു ദിവസായി എല്ലാര്ക്കും ഇതെന്ന്യാ പറയാനു‍‌‍ള്ളേ! മീറ്റിംഗ് നടക്കുന്ന ഹാളിന്‍റെ അതിലേ നടന്നാ കാണാം കൊല്ലാക്കൊല! മിക്കവരും പലപ്പോഴായി ഇങ്ങനെ പോയി ചുറ്റിയടിച്ച്‌ വന്നിട്ട് പറയും, വിശേഷങ്ങള്‍! ഞാന്‍ ഈ പറഞ്ഞപോലെ അതിലേ ഒന്ന് പാസ് ചെയ്തപ്പോ കാണാന്‍ കഴിഞ്ഞത് പുലി ആയി ഇവിടുന്ന് പോയ പലരും പൂച്ചക്കുട്ടിയെ പോലെ അടങ്ങി ഒതുങ്ങി ഇരിക്കുന്ന കാഴ്ചയാണ്.

അങ്ങനെ എന്‍റെ ഊഴമായി. ഇനി എന്‍റെ നമ്പര്‍! പറയേണ്ട പോയിന്‍റ്സ് ഒക്കെ മനസ്സില്‍ പറഞ്ഞുകൊണ്ട് ആ സിംഹക്കൂട്ടിലേക്ക് ഞാന്‍ കാലെടുത്തുവച്ചു. വന്നപാടെ എന്നെ ഒരു മൂലയില്‍ പിടിച്ചിരുത്തി. "രാഗേഷ്‌, നിങ്ങള്‍ നിങ്ങളുടെ സ്കില്‍സ് ശരിക്കും യുട്ടിലൈസ് ചെയ്യുന്നില്ല എന്നുള്ളതാണ് ഞങ്ങള്‍ക്കുള്ള മെയിന്‍ കമന്റ്‌! പച്ചക്ക് ചോദിക്കട്ടെ? ഉഴപ്പുന്നുണ്ടോ?" അപ്രൈസല്‍ മീറ്റിംഗില്‍ ഇരിക്കുന്ന ഒരു സുഹൃത്തിന്റെ ചോദ്യം കേട്ട് എന്‍റെ കണ്ണ് നറഞ്ഞുപോയി. എന്നെ ഇത്രയ്ക്കു മനസ്സിലാക്കിയ മഹാന്മ്മാരുടെ കീഴില്‍ ആണോ ഞാന്‍ പണിയെടുക്കുന്നത്?. തീരെ പ്രതീക്ഷിക്കാത്ത ചോദ്യങ്ങള്‍ വന്നതോണ്ടാണെന്ന് തോന്നുന്നു, ഓര്‍മിച്ചു വച്ച പോയിന്‍റ്സ് ഒന്നും എടുത്തലക്കാന്‍ പറ്റിയില്ല. പക്ഷെ മീറ്റിംഗ് കഴിഞ്ഞ് ഇറങ്ങാന്‍ നില്‍ക്കുമ്പോളും എനിക്ക് ഒരു നിരാശ തോന്നിയില്ല. എന്താണെന്നറിയില്ല ഒരു വൃത്തികെട്ട ആശ്വാസം. പ്രതീക്ഷിച്ച റേറ്റിംഗ് കിട്ടിയോന്ന് ചോദിച്ചാ അറിയില്ല്യ.

ഇതോടെ എനിക്കൊരു കാര്യം മനസ്സിലായി. നമ്മള്‍ എന്ത് ചെയ്തു എന്നുള്ളതല്ല, എന്ത് ചെയ്തില്ല എന്നുള്ളതാണ് കാര്യം.


വാല്‍കഷണം: എനിക്ക് അപ്പ്രൈസല്‍ നടത്തിയ ആള്‍ക്കാരില്‍ ആരെങ്ങിലും ആണ് താങ്കള്‍ എങ്കില്‍ ഇത് മനസ്സില്‍ വച്ച് അടുത്തതില്‍ എനിക്കിട്ട് പണിയരുത്! വേറൊന്നും കിട്ടാത്തോണ്ട് ചുമ്മാ ഒന്ന് പൊലിപ്പിച്ചതാ!